പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വരുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഡൊമിസിലറി കെയര്‍ സെന്റര്‍ എങ്കിലും ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ സ്വീകരിക്കണം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം.
ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ആനക്കര, കൊടുവായൂര്‍, ലെക്കിടി – പേരൂര്‍, മുണ്ടൂര്‍, പെരുവെമ്പ്, പൂക്കോട്ടുകാവ്, കുഴല്‍മന്ദം, പരുതൂര്‍, പുതുക്കോട് ഗ്രാമ പഞ്ചായത്തുകളില്‍ മെയ് 31നകം ഡൊമിസൈല്‍ കെയര്‍ സെന്റര്‍ ആരംഭിക്കണമെന്നത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പാക്കണം.
മണ്ണാര്‍ക്കാട്, ഒറ്റപ്പാലം നഗരസഭകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ അല്ലെങ്കില്‍ ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
മൃഗങ്ങളുടെ തീറ്റ, കൃഷിക്ക് ആവശ്യമായ വളം എന്നിവ വില്‍ക്കുന്ന കടകള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തിയും ശനി, ഞായര്‍ ദിവസങ്ങളില്‍ എല്ലാ സ്ഥലങ്ങളിലും തുറന്നു പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥ്, എ.ഡി.എം എന്‍.എം. മെഹ്‌റലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു.