മണ്ണാര്‍ക്കാട്:കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പെടെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹന പരിശോധന തുടരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം, ഗോപാലപുരം, ചെമ്മണാംപതി, ഒഴലപ്പതി, നടുപ്പുണി, വേലന്താവളം, എല്ലപ്പെട്ടാംകോവില്‍, മുള്ളി, ആനക്കട്ടി ചെക്‌പോസ്റ്റുകളില്‍ മോട്ടോര്‍ വെഹിക്കിള്‍, എക്‌സൈസ് വകുപ്പുകളും പോലീസിനെ സഹായിക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്നുണ്ട്.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തോയെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിട്ടുണ്ടോയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താത്തവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ 14 ദിവസം കഴിയണമെന്ന് പോലീസ് കര്‍ശനനിര്‍ദേശം നല്‍കിയാണ് അതിര്‍ത്തി കടത്തിവിടുന്നത്. ഇത്തരത്തില്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭിക്കുകയും തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയവരെ ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. അതത് സ്റ്റേഷന്‍ പരിധികളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ചെക്പോസ്റ്റുകളുടെ ചുമതല. ഊടുവഴികള്‍ അടച്ചിട്ടില്ലെന്നും സമാന്തര പാതകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ടെന്നും ഡി.വൈ.എസ്.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!