തച്ചമ്പാറ: തച്ചമ്പാറയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ അഞ്ചു പേരുടെ ഫലത്തില്‍ അവ്യക്തത. 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 45 പേരുടെ ഫലം നെഗറ്റീവ് ആണ്. അവശേഷിച്ച അഞ്ചു പേരുടെ ഫലത്തിലാണ് അവ്യക്തത. ഇവര്‍ക്ക് മണ്ണാര്‍ക്കാട് വെച്ച് വീണ്ടും ടെസ്റ്റ് നടത്തും. മണ്ണാര്‍ക്കാട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ മത്സ്യ സ്റ്റാള്‍ നടത്തിപ്പുകാരായ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാ ണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. മത്സ്യ സ്റ്റാളുകളിലെ ജീവനക്കാര്‍, ഉടമകള്‍, കോവിഡ് പോസിറ്റീവായ പാലക്കയം, തച്ചമ്പാറ സ്വദേശികളുടെ കുടുംബാംഗങ്ങള്‍, ഇവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ എന്നിവര്‍ക്കായിരുന്നു പരിശോധന. ഇതില്‍ തച്ചമ്പാറയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പാലക്കയത്ത് നിന്നുള്ള രണ്ടുപേര്‍ക്കുമാണ് ഫലം വ്യക്തമാകാതിരുന്നത്.മണ്ണാര്‍ക്കാട് മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കാണ് തച്ചമ്പാറ പഞ്ചായത്തില്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പുറമേ ഇന്നലെ തച്ചമ്പാറ പഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം വാര്‍ഡില്‍ ചൂരിയോട് ഗര്‍ഭിണിക്ക് ഉറവിടം വ്യക്തമാകാത്തതും പത്താം വാര്‍ഡില്‍ പാലക്കയം നിരവില്‍ സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കയം നിരവില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച യുവാവിന്റെ പിതാവിനാണ് ഇന്നലെ സ്ഥിരീകരിച്ചത്. ചൂരിയോട് സ്വദേശിനിക്ക് രോഗം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല.