ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. വൈദേഹി ബ്രാഹ്മ ണരായ സര്‍വേശ്വര സോയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്ത് നിന്നും ജാതി മുറിച്ചുമാറ്റാമെന്ന് തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദരരാമ റെഡ്ഡിയില്‍ നിന്നും പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്ര ട്ടറിയെ മാതൃകയാക്കിയതാണ്. സുന്ദരയയ്യക്ക് ശേഷം ആന്ധ്രയില്‍ നിന്നും സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.