മണ്ണാര്‍ക്കാട് : മലയോര മേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് സാങ്കേതിക അനുമതി തേടി കേരള റോഡ് ഫണ്ട് ബോര്‍ഡ് കിഫ്ബിയ്ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. അം ഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും അലനല്ലൂര്‍, കോട്ടോപ്പാടം വഴി കുമരം പുത്തൂര്‍ ചുങ്കത്ത് ദേശീയപാത വരെ 18.1 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ആദ്യഘട്ട നിര്‍മാണം. 91.4 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. നിലവിലെ കുമരം പുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാനപാതയാണ് മലയോര ഹൈവേയായി മാറുക. 12 മീറ്റര്‍ വീതിയില്‍ അഴുക്കുചാലോടു കൂടി റോഡ് നിര്‍മിക്കും.
അലനല്ലൂര്‍, കോട്ടോപ്പാടം ടൗണുകള്‍ക്ക് പുറമേ പ്രധാന ജംഗ്ഷനുകളായ ഭീമനാട്, മേലേ അരിയൂര്‍ ഉള്‍പ്പടെ പത്തോളം ഇടങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാത യുണ്ടാകും. പാതയുടെ അരുകില്‍ ടൈലുകള്‍ വിരിക്കും. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേയും, കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും. നേരത്തെ കോട്ടോ പ്പാടം, അലനല്ലൂര്‍ ടൗണുകളില്‍ മാത്രമായിരുന്നു കൈവരികളോടുകൂടിയ നടപ്പാത നിര്‍മാണം നിശ്ചയിച്ചിരുന്നതെങ്കിലും നിര്‍ദേശങ്ങളുയര്‍ന്നു വന്ന സാഹചര്യത്തിലാണ് മറ്റ് എട്ടിടങ്ങളില്‍ കൂടി നടപ്പാത നിര്‍മിക്കല്‍ പുതുക്കിയ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയ ത്. അഴുക്കുചാലിന് മുകളില്‍ സ്ലാബിട്ടാണ് നടപ്പാത സംവിധാനം ഒരുക്കുക. നിരവധി വളവുകളുള്ള പാതയില്‍ സാധ്യമായ സ്ഥലത്തെല്ലാം വളവുകള്‍ നിവര്‍ത്തി സുഗമമായ ഗതാഗതം സാധ്യമാകുന്ന തരത്തിലാണ് റോഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കെ. ആര്‍.എഫ്.ബി നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ മാര്‍ച്ച് മാസത്തോടെ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ജില്ലയില്‍ അഞ്ച് റീച്ചുകളിലായാണ് മലയോര ഹൈവേ നിര്‍മിക്കുന്നത്. ആദ്യറീച്ച് ചുങ്കത്ത് അവസാനിക്കും. ഇവിടെ നിന്നും പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ചേര്‍ന്ന് താണാവ് വഴി പാലക്കാട് -തൃശ്ശൂര്‍ ഹൈവേയിലെത്തും. തുടര്‍ന്ന് പാറ- പൊള്ളാ ച്ചി റോഡ് താണ്ടി ഗോപാലപുരത്ത് എത്തിച്ചേരും. ഗോപാലപുരത്ത് നിന്നും കന്നിമാരി മേട് വരെയാണ് മലയോര ഹൈവേയുടെ രണ്ടാം റീച്ച് നിര്‍മിക്കുക. കന്നിമാരി മേടില്‍ നിന്നും നെടുമണി വരെ മൂന്നാം റീച്ചും, പനങ്ങാട്ടിരിയില്‍ നിന്നും വിത്തനശ്ശേരി വരെ നാലാം റീച്ചും, അയിനംപാടത്ത് നിന്നും വടക്കഞ്ചേരി തങ്കം ജംങ്ഷന്‍ വരെ അഞ്ചാം റീച്ചും നിര്‍മിക്കും. ഈ ഭാഗങ്ങളിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ നടന്ന് വരികയാണ്.